നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാന്‍ ബിജെപി; രണ്ടാഴ്ച നീളുന്ന പരിപാടികള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം. 'സ്വദേശി', 'ആത്മനിര്‍ഭര്‍ ഭാരത്' എന്നീ പ്രമേയങ്ങളിലൂന്നി രണ്ടാഴ്ച നീളുന്ന പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. 17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 'സേവ പഖ്വാഡ' എന്ന പേരിലായിരിക്കും പരിപാടി നടത്തുക. കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും അറിയിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം സെപ്റ്റംബര്‍ 25-നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം, 'വികസിത് ഭാരത്' എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടല്‍, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകള്‍, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.